കാക്കൂർ: കാട്ടുപന്നി ശല്യത്തിൽ നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാൻ കർഷകർ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കമ്പിവേലിയുടെ ഗേറ്റുകൾ സാമൂഹ്യവിരുദ്ധർ തകർത്തു.
കാക്കൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകൾ ഉൾപ്പെടുന്ന കുട്ടമ്പൂർ ആയുർവേദ ഡിസ്പെൻസറിക്ക് സമീപത്തെ വയലിലാണ് സംഭവം.ഇരുപതോളം കർഷകർ ചേർന്ന് സ്വന്തം ചെലവിൽ സ്ഥാപിച്ച കമ്പിവേലിയുടെ പ്രധാന കവാടങ്ങളാണ് മദ്യലഹരിയിലായിരുന്ന അഞ്ചംഗസംഘം അടിച്ചുതകർത്തത്.പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. കവാടങ്ങൾ തകർന്നതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ വയലിലേക്ക് കയറി കൃഷി നശിപ്പിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
പ്രദേശത്ത് രാപ്പകൽ ഭേദമന്യേ മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപകമാണെന്നും ഇതുമൂലം സ്ത്രീകൾ ഉൾപ്പെടെയുള്ളവര് കർഷകർ ഭയപ്പാടോടെയാണ് കൃഷിയിടങ്ങളിലെത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കമ്പിവേലി തകർത്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.